💕 ജന്മവാർഷിദിനം - പണ്ഡിറ്റ് കെ.പി. കറുപ്പൻ 💕
(24 മേയ് 1885 - 23 മാർച്ച് 1938).
ജാതിയിൽ താഴ്ന്നവനായാൽ വഴി നടക്കാൻ അവകാശമില്ലാതിരുന്ന കാലത്തു ജാതിക്കോമരങ്ങളെ നോക്കി 'ധിക്കാരമല്ലയോ ജാതി....’ എന്നു ചോദിച്ചു പോരാട്ടജീവിതം നയിച്ച, കവിയും നാടകകൃത്തും സാമൂഹ്യ പരിഷ്കർത്താവും അധ്യപകനുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ എന്ന
കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പന്റെ 137–ാം ജന്മദിനമാണ് ഇന്ന്. കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും
(അത്തോപൂജാരി വൈദ്യൻ ) കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24ന് എറണാകുളം ചേരാനല്ലൂരിൽ ജനിച്ചു. കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. 14–ാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. അധ്യാപകനായി സർവീസിൽ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പൻ പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ കൺവീനർ, കൊച്ചി ഭാഷാ പരിഷ്കരണ കമ്മിറ്റി സെക്രട്ടറി, നാട്ടുഭാഷാ സൂപ്രണ്ട്, മദ്രാസ് യൂണിവേഴ്സിറ്റി പൗരസ്ത്യ ഭാഷാ പരീക്ഷാ ബോർഡ് മെംബർ, ചെയർമാൻ, മഹാരാജാസ് കോളജ് മലയാളം അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കൊച്ചി നിയമസഭാ സമാജികനുമായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലകൻ' 'സാഹിത്യ നിപുണൻ' എന്നീ ബഹുമതികളും നൽകി ആദരിച്ചിട്ടുണ്ട്. 1925ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ചരിത്രത്തിൽ ഇടം പിടിച്ച കായൽ സമ്മേളനമാണു ജാതി വ്യവസ്ഥയ്ക്കെതിരെ കറുപ്പൻ നടത്തിയ പോരാട്ടങ്ങളിൽ ശ്രദ്ധേയമായത്. കായൽ സമ്മേളനം പുലയ മഹാസഭയുടെ രൂപീകരണത്തിലേക്കു വഴിതുറക്കുകയും ചെയ്തു.
"പശുക്കളെയടിച്ചെന്നാലുടമസ്ഥൻ തടുത്തീടും പുലയരെയടിച്ചെന്നാലൊരുവനില്ല.....
കാളിയരയത്തി പെറ്റതല്ലേ
കേളിയേറും വ്യാസമാമുനിയേ
നാളിക നേത്രയേ ശന്തനു രാജാവും
വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
കോളാക്കിയോ തീണ്ടൽ ജ്ഞാനപ്പെണ്ണേ.... " ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും മുൻപ് 1912 ൽ ജാതി വ്യവസ്ഥയ്ക്കെതിരെ ശക്തമായ പ്രതികരണമായി അദ്ദേഹം രചിച്ച ജാതിക്കുമ്മി എന്ന കവിതയിലെ വരികളാണിത്.
അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കൊച്ചിരാജ്യത്തിന്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂർ പ്രദേശങ്ങളിലും ഓണക്കാലത്ത് സ്ത്രീജനങ്ങൾ പാടിക്കളിച്ച ഈ കവിത 1905 ലാണ് രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912 ലാണ്. ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ജാതി വ്യത്യാസത്തിന്റെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന സൃഷ്ടിയായി ഇതു വിലയിരുത്തപ്പെടുന്നു. അതീവ ലളിതമായ ഭാഷയിൽ കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിർവഹിച്ചത്. കീഴാളജനങ്ങൾക്കിടയിൽ പ്രചരിച്ച പ്രസ്തുത കൃതിയിൽനിന്നും ഉൾക്കൊണ്ട ഉണർവ് അവരിൽ ആത്മവിശ്വാസം വളർത്തുകയും അയിത്താചരണങ്ങളെ ധീരതയോടെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്തു. അധഃസ്ഥിത സമുദായങ്ങളുടെ ജീവിത ദുരിതം നെഞ്ചേറ്റിയ പോരാളി പണ്ഡിറ്റ് കറുപ്പന്റെ ഉള്ളിൽ കിനിഞ്ഞിറങ്ങിയ വേദന.
അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. ജാതിക്കുമ്മി ഉണർത്തിയ യുക്തിബോധം കരുത്താർജിച്ചതിന്റെ ഫലമായിട്ടാണ് ‘കൊച്ചി പുലയമഹാജനസഭ’യുടെ ആദ്യസമ്മേളനം എറണാകുളം സെൻറ് ആൽബർട്ട് ഹൈസ്കൂളിൽ നടക്കാനിടയായത്. 1938 മാർച്ച് 23ന് 53–ാം വയസ്സിലാണ് അന്തരിച്ചത്.
അദ്ദേഹം സ്ഥാപിച്ച സഭകൾ
ജ്ഞാനോദയം സഭ - ഇടക്കൊച്ചി
കല്യാണദായിനി സഭ - കൊടുങ്ങല്ലൂർ (1912)
സന്മാർഗപ്രദീപ സഭ - കുമ്പളം.
സുധാർമസൂര്യോദയ സഭ - തേവര.
വാലസമുദായ പരിഷ്കാരിണി സഭ - തേവര (1910)
വാലസേവാസമിതി - വൈക്കം
സമുദായ സേവിനി - പറവൂർ
അരയ വംശോദ്ധാരിണി സഭയും- ഏങ്ങണ്ടിയൂർ.
1907 - അരയസമാജം സ്ഥാപിച്ചു.
1913 - കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.
1914 -കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു.
1916 - ജ്ഞാനോദയം സഭ സ്ഥാപിച്ചു
1922 - അഖിലകേരള അരയമഹാസഭ സ്ഥാപിച്ചു.
1925 - കൊച്ചിൻ ലേജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.
1931- നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു.
കൃതികൾ : ലങ്കാമർദ്ദനം, ഭൈമീപരിണയം, ചിത്രലേഖ, ഉർവശി (വിവർത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകൾ), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപർവം, വിലാപഗീതം, ജാതിക്കുമ്മി, കൈരളീ കൌതുകം(3 ഭാഗങ്ങൾ), ആചാരഭൂഷണം, ഉദ്യാനവിരുന്ന്, സമാധിസപ്താഹം (ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ അനുശോചിച്ചുകൊണ്ട് രചിച്ച കൃതി), നൈഷധം, ബാലാകലേശം, എഡ്വേർഡ് വിജയം, പഞ്ചവടി, ഉലൂപോഖ്യാനം എന്നീ നാടകങ്ങളും രചിച്ചു..

No comments:
Post a Comment