അവൾ
പലനാളുകളായി തികട്ടി വരുന്ന
ചിന്തകളെയൊന്ന് മാർദ്ദവപ്പെടുത്തി
അഴകോടെ ഞൊറിഞ്ഞുടുക്കാൻ
പെടാപ്പാടുപെടുന്നുണ്ടവൾ!
മുന്നിലെ സ്ഫടികച്ചില്ലിൽ
തെളിയുമവളുടെ രൂപത്തിൻ
വരണ്ടുണങ്ങിയ മനസ്സിടങ്ങളിൽ
വീർത്തു കെട്ടിയ മിഴികളിൻ
നീർച്ചാലുകൾ ഇടയ്ക്കിടെ നനവ്
പടർത്താറുണ്ട് !
ഇരവിന്റെ ശൂന്യസ്ഥലികളിൽ
പ്രിയമോടെ
പകലോർമ്മകൾ തിരക്കയറ്റം
നടത്തുമ്പോൾ
പുലരിയുടെ കിരണം നുകരാനവളുടെ
മിഴികൾ പിടഞ്ഞുണരാറുണ്ട് !
കുതിച്ചു പായുന്ന ദിനങ്ങളുടെ അവസാനാതിർത്തിയും തിരഞ്ഞ്
ഒരു നീണ്ട ഗദ്ഗദം കണ്ഠത്തിൽ
കുടുങ്ങുമ്പോഴും
ദേശാടനക്കിളികൾ പറന്നുയരുന്ന
ഗഗന വീഥിയുടെ കാതം
തിരഞ്ഞിറങ്ങാനവളുടെ
ഉൾത്തടങ്ങൾ
വെമ്പൽ കൊള്ളാറുമുണ്ട് !
നാലുദിക്കുകൾ
തീർക്കുമാവരണത്തിൻ
മധ്യേനിന്നുയർന്ന് അനന്ത വിഹായസ്സിന്നുൾപ്പരപ്പിലേക്കിറങ്ങി
വെൺമേഘശകലങ്ങളോടൊ
ത്താടിത്തിമർക്കാൻ യാമം തിരയുകയാണവളെപ്പോഴും !
പുലരികൾ ചുംബിച്ചുണർത്തുന്ന
കോടി പ്രഭയുടെ നിറവിൽ
ശുഭചിന്തകൾക്ക് നറുവെട്ടം
പകർന്ന് അവളിന്നും ഒഴുകുന്നുണ്ട്
തിരയടങ്ങാത്ത പുഴയിലെയോളം പോലെ !
No comments:
Post a Comment