യുദ്ധാവസാനം അജിത്ത് പുതുപ്പരിയാരം

 

ക്രവാള സീമയിൽ സൂര്യന്റെ നേർത്ത അഗ്രങ്ങൾ കാണാറായി. ആളൊഴിഞ്ഞ ഒരു നഗരാതിർത്തി. പാതയോരത്തെ കെട്ടിടങ്ങൾ പകുതിയും ഇടിഞ്ഞു താറുമാറായിരിക്കുന്നു. കഴിഞ്ഞ രാത്രി തീ ഗോളം കണക്കെ ബോംബുവീണു തകർന്നതാണ് അതെല്ലാം. ബോംബ് വീഴ്ച പതിവ് കാഴ്ചകളായിരിക്കുന്നു ഈ രാഷ്ട്ര തെരുവുകളിലെല്ലാം. അതിനരികിലായി ഒട്ടിയ വയറുമായി ഒരു നായ കിടക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ അതിന് എല്ലു മാത്രമേ ഉള്ളവെന്ന് തോന്നും. അത് ചിലപ്പോഴൊക്കെ മോങ്ങുകയും കുരയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. യുദ്ധ കൊതി പൂണ്ട രാഷ്ട്രങ്ങളുടെ ചെയ്തികളിൽ അനുഭവിക്കേണ്ടി വരുന്നത്   സ്ത്രീകളും കുഞ്ഞുങ്ങളും മറ്റു മിണ്ടാപ്രാണികളും ആണല്ലോ.

നായയുടെ നേരെ മുന്നിലായി മേൽക്കൂര തകർന്ന പഴയ കെട്ടിടത്തിന്റെ ഒരു മൂലയിൽ ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലൻ ചുരുണ്ടുകൂടി കിടക്കുന്നു. പിഞ്ഞിയ ഷർട്ടും പാന്റും ആണ് അവൻറെ വേഷം. അധിക നാളായി തുടങ്ങിയ ഈ യുദ്ധത്തിൽ വസ്ത്രവും ഭക്ഷണവും വെള്ളവും കിട്ടാക്കനികളായിരിക്കുന്നുസൂര്യനുദിച്ചു പകുതിയും ഉയർന്നു വന്നു. ഇളം വെയിൽ തട്ടി കെട്ടിടത്തിന്റെ മുന്നിൽ ചിതറിക്കിടക്കുന്ന പാത്രങ്ങൾ തിളങ്ങാൻ തുടങ്ങി. ഇന്നലെ പകൽ മറയുന്നതുവരെ രണ്ടു കുട്ടികളും ദമ്പതികളും താമസിച്ച ഒരു വീടാണത്. ഇന്നലെ രാത്രി നടന്ന ബോംബാക്രമണത്തിൽ മൂന്നുപേരും മരിച്ചു. ആ ബാലൻ മാത്രം എങ്ങനെയോ രക്ഷപ്പെട്ട് മയങ്ങി കിടക്കുകയാണ് അവിടെമുന്നിലുള്ള പാതയിലൂടെ ഒരു ട്രക്ക് ഇരമ്പി പാഞ്ഞു പോയി. അവിടെ നിന്നും ഒരു കിലോമീറ്റർ അകലെ ഒരു നഗരമാണ്. അവിടെ താമസിക്കുന്നവർ ഭക്ഷണവും വെള്ളവും കിട്ടാതെ മാസങ്ങളായി കഷ്ടപ്പെടുന്നു. അങ്ങോട്ട് ഭക്ഷണവുമായി പോകുന്ന വണ്ടി ആയിരിക്കാം അത്ആ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയത് പോലെ പെട്ടെന്ന് ഒരു യുവാവ് പാതയിൽ പ്രത്യക്ഷനായിഅയാളുടെ കയ്യിൽതുണി സാമാനങ്ങൾ നിറച്ച ഒരു സഞ്ചിയും ഒരു കുപ്പി വെള്ളവുമുണ്ട്. അയാൾ നന്നേ ക്ഷീണിതനായി കാണപ്പെട്ടു. ആ നടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി എന്ന് തോന്നും. വാസ്തവത്തിൽ അയാളുടെ നടപ്പ് തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. രണ്ടുനാൾ മുൻപ് അയാളുടെ ഗ്രാമത്തെ പട്ടാളം ആക്രമിച്ചു. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന അയാളുടെ കുടുംബത്തെ വെടിവെച്ചുകൊന്നു. അവിടെനിന്നും പാലായനം ചെയ്ത് ഇവിടെ എത്തിച്ചേർന്നതാണ്.

അയാളെ കണ്ടതും ഉറങ്ങിക്കിടന്ന നായ പെട്ടെന്ന് ചാടി എണീറ്റു. വിശന്നും ദാഹിച്ചും അവശനായ നായക്ക് കുരക്കാൻ പോലും ശേഷിയില്ലാതെ അയാളുടെ മുന്നിൽ ചെന്ന് മുഖത്തോട്ട് നോക്കിനിന്നു. നായയുടെ അവസ്ഥകണ്ട അയാൾ വീടിനുമുന്നിൽ ചിതറിക്കിടക്കുന്ന പാത്രങ്ങളിൽ ഒരെണ്ണം എടുത്ത് അതിലേക്ക് കുപ്പിയിലെ വെള്ളം അല്പം ഒഴിച്ച് നായയുടെ മുൻപിൽ വെച്ചു. ദാഹിച്ചു തൊണ്ട വറ്റിയ നായ ആർത്തിയോടെ നക്കി കുടിച്ചു. അത് നോക്കിക്കൊണ്ട് അയാൾ ആ ചുമര് ചാരിയിരുന്നുഅയാളുട തലയിൽ നിന്നും വിയർപ്പ് തുള്ളികൾ ഇറ്റു വീണു.

കുപ്പിയുടെ അടപ്പു തുറന്ന് അയാളും കുറച്ചു വെള്ളം കുടിച്ചു. അടപ്പ് അടയ്ക്കാൻ ഭാവിക്കുമ്പോൾ വീടിനകത്ത് നിന്നും ഒരു ഞരക്കം കേട്ടു. അതൊരു പത്തു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ ആണെന്ന് ആ ശബ്ദത്തിൽ നിന്നും ഗ്രഹിക്കാം. തന്റെ ബാഗ് താഴെ വച്ച് അയാൾ അകത്തോട്ട് പ്രവേശിച്ചു. അകത്ത് ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന അന്തരീക്ഷം. ടിവിയും അലമാരയും കസേരകളും എല്ലാം തകർന്നു കിടക്കുന്നു. മൂന്ന് ശവശരീരങ്ങൾ ദേഹമാകെ മുറിവുകളുമായി കിടക്കുന്നുണ്ടായിരുന്നു. അയാൾ ആകെ അസ്വസ്ഥനായി. വീണ്ടും അതെ ഞരക്കം അയാൾക്ക് അരികെ കേട്ടു. വീടിൻറെ സ്വീകരണ മുറിയുടെ ഒരറ്റത്ത് ആ പയ്യൻ കയ്യിലും മുഖത്തും രക്തം വാർന്ന് കിടക്കുന്നു. അവൻ ദാഹിച്ച് അവശനായിരുന്നു. അയാൾ ആ കുട്ടിയെ താങ്ങി എഴുന്നേൽപ്പിച്ച് വീടിന് പുറത്തുകൊണ്ടുവന്നു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളം അവനെ കുടിപ്പിക്കുകയും മുഖം കഴുകി കൊടുക്കുകയും ചെയ്തു. അയാൾ പാതയുടെ രണ്ടുഭാഗത്തും നോക്കി. ഏതെങ്കിലും വണ്ടി അതുവഴി വരുന്നുണ്ടെങ്കിൽ അവനെയും എടുത്ത് ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കാമായിരുന്നു. എന്നാൽ ഈ പരിതസ്ഥിതിയിൽ എങ്ങനെ?. പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും ആക്രമണം ഉണ്ടാവുക. ഏതെങ്കിലും പട്ടാളക്കാർ കണ്ടാൽ അതോടെ തീർന്നു. ആ യുവാവ് തീർത്തും നിസ്സഹായനാണ്. അവനെയും ചുമന്നുകൊണ്ട് നടക്കാൻ അയാൾക്ക് ശേഷിയില്ല. എന്നാലും എത്ര ദൂരം?


ആ നാടിൻറെ രൂപരേഖ അയാൾക്ക് അറിയില്ലതാനും. അവനെ ഇങ്ങനെ കിടത്താനും അയാൾക്ക് മനസ്സ്വരുന്നില്ല. ഏതാനും മണിക്കൂറുകൾ മാത്രം ആയുസ്സുള്ളു എന്ന് തോന്നും അവന്റെ കിടപ്പു കണ്ടാൽ. ഒരാഴ്ചയായിട്ട് ആഹാരം ഒന്നും കഴിച്ചിട്ടില്ല. ഈ രാഷ്ട്രം തന്നെ പട്ടിണിയിലാണ്. ബോംബ് വീണു മരിക്കുന്നതിലും എത്രയോ പരിതാപകരമാണ് വിശന്നു മരിക്കുന്നത്. അയാളുടെ നാട്ടിൽ തന്നെ ഇന്നുവരെ രണ്ടു കുട്ടികൾ വിശന്നു മരിച്ചിരിക്കുന്നു. ആ കുട്ടിയെ കാണുമ്പോൾ ആ യുവാവിനെ തന്റെ അയൽവാസിയും സ്നേഹിതനുമായ അമീറിന്റെ മകനെ പോലെ തോന്നി. അവൻ ഈയിടയാണ് വിശന്ന് ദാഹിച്ച് തളർന്ന വീണ് മരിച്ചത്. ആ സ്ഥിതി ഇവന് വരരുതെന്ന് അയാൾ മനസ്സിൽ ഉറച്ചു. അവനെയും ചുമന്നു കൊണ്ട് നടക്കാം തനിക്ക് സാധിക്കുന്നതുവരെ. വഴിയിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ സഹായം അഭ്യർത്ഥിക്കാം. അയാൾ കുട്ടിയെ തന്റെ രണ്ട് കൈകൾ കൊണ്ടും എടുത്ത് തോളിൽ കിടത്തി. അയാൾ തന്നെ ബാഗും ചുമന്നുകൊണ്ട് നടക്കാൻ തുടങ്ങി.

സൂര്യൻ ഉദിച്ച് തലയ്ക്ക് മുകളിൽ എത്താറായി. പൊരിഞ്ഞ വെയിലിൽ അയാൾ അവനെയും ചുമന്ന് ഏതാനും ദൂരം നടന്നു. തൊണ്ട വരളുന്നു. നെറ്റിയിൽ വിയർപ്പ് തുള്ളികൾ ഒഴുകാൻ തുടങ്ങി. ഉമിനീർ ഇറക്കി അയാൾ തൻറെ നടത്തം തുടർന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു വണ്ടി അവരുടെ നേർക്ക് വരുന്നത് കണ്ടു. അയാൾക്ക് ആശ്വാസം തോന്നിത്തുടങ്ങി. എങ്ങനെയെങ്കിലും അവനെ ആശുപത്രിയിൽ എത്തിക്കണം. വണ്ടി അടുത്ത എത്താറായപ്പോൾ അയാൾ വണ്ടിക്ക് കൈ കാണിച്ചു. വണ്ടി തൊട്ടടുത്ത് എത്താറായപ്പോഴാണ് അയാൾക്ക് മനസ്സിലാകുന്നത് അത് സാധാരണക്കാരുടെ വണ്ടിയല്ല. കൊല്ലാൻ വെറിപൂണ്ട് നിൽക്കുന്ന രാഷ്ട്രത്തലവൻമാരുടെ കിങ്കരൻമാരാണ് ആ വണ്ടിയിൽ. അതിൽനിന്നും ഒരാൾ തോക്കുമായി ഇറങ്ങിവന്നു. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു. ഭരമേറിയ തോക്കുമായി അയാൾ ആ യുവാവിന്റെ മുഖത്തോട് മുഖമായി നിന്നു. ആ അതികായനോട് ആ യുവാവ് പറഞ്ഞു. "ഞങ്ങളെ പോവാൻ അനുവദിക്കണേ എന്റെ തോളിൽ കിടന്നു മയങ്ങുന്ന ഈ പയ്യൻ ഏതാനും മണിക്കൂറുകൾക്കകം മരണപ്പെടുമെന്ന് തോന്നുന്നു. ഞാൻ ഇവനെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടെത്തിക്കട്ടെ." തോക്ക് ചൂണ്ടി നിൽക്കുന്ന ആ മനുഷ്യന് എന്തുചെയ്യാൻ സാധിക്കും. മനുഷ്യത്വം തോന്നുന്നുവെങ്കിലും അയാൾക്ക് ഇവരെ വെറുതെ വിടാൻ ആവുമോ? തങ്ങളുടെ കുടുംബം പോറ്റാൻ പട്ടാള ജോലി സ്വീകരിച്ച മനുഷ്യർക്ക് തൻറെ രാജ്യത്തിൻറെ ആവശ്യം നിറവേറ്റാനേ നിർവാഹമുള്ളൂ. അവിടെ അന്യ രാജ്യക്കാരന്റെ കണ്ണീരും യാചനയും കാണുവാൻ സാധിക്കുമോ? ആ പട്ടാളക്കാരൻ യുവാവിന്റെ മാറിൽ തോക്ക് ചൂണ്ടി. ആ അധികായൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. താൻ വിശ്വസിക്കുന്ന ദൈവങ്ങളോട് മാപ്പ് ചോദിച്ചു. തോക്കിൽ വിരലമർത്തി. യുവാവിന്റെ നെഞ്ചിൽ അത് തുളച്ചു കയറി. അയാൾ തന്റെ തോളിൽ കിടക്കുന്ന പയ്യനെ താഴെ വിട്ടു. കണ്ണുകളിൽ നോക്കി. നെഞ്ചിലെ വേദന കാരണമാണോ അവന്റെ അവസ്ഥയോ ഏതോ കാരണത്താൽ യുവാവിന്റെ കണ്ണിൽ അശ്രുക്കൾ പൊടിഞ്ഞു. പട്ടാളക്കാരൻ വണ്ടിയിൽ കയറി സ്ഥലം വിട്ടു. ആ നിസ്സഹായനായ യുവാവ് മരണത്തിന് പിടികൊടുത്തു. സൂര്യൻ ഉച്ചിയിൽ തിളച്ചു മറിയുന്നു. പയ്യൻറെ അവസാന വിയർപ്പു തുള്ളിയും ഇറ്റുവീണു. വിശന്നും ദാഹിച്ചും അവൻ പിടഞ്ഞ് പൊടിമണലിൽ ലോകത്തോട് വിടപറഞ്ഞു. അവൻറെ വീടിന് അരികിൽ ആ നായ അവനെ അന്വേഷിച്ച് കാണാതെ പാതയോരത്ത് തന്നെ വീണ്ടും കിടന്നു.

No comments:

Post a Comment