ഷഷ്ടിപൂർത്തിയുടെ നറുനിലാവിൽ ആശംസകളായി അറുപതു മെഴുകുതിരികൾ അവളുടെ കണ്ണുകളിൽ പ്രതിബിംബിക്കേ, അയാൾ പ്രണയാതുരമായി അവളെ ചേർത്തുനിറുത്തി. ഓർമ്മകളിലപ്പോൾ വിറയ്ക്കുന്ന കൈളിൽ ജാതകക്കെട്ടുമായി അച്ഛനുമമ്മയും അവളുടെ ഒന്നാംപിറന്നാളിൻ്റെ കേക്കുമായെത്തി.
ജാതകദോഷം! വിധവായോഗം ! നക്ഷത്രങ്ങൾ വഴിതെറ്റിനിൽക്കുന്നു!സൂക്ഷിച്ചാൽ നന്ന് ! കൂട്ടിലടച്ച സ്വപ്നങ്ങൾ, പൊരുത്തപ്പെടാത്ത വിശ്വാസങ്ങൾ!ഒടുവിലൊരുറച്ച ശബ്ദത്തോടെ ഉത്തമനായൊരാൾ ആചാരങ്ങൾ ലംഘിച്ച് സിന്ദൂരരേഖയിൽ കുങ്കുമം ചാർത്തി. ജീവിതനൗക പിന്നെ ശാന്തമായൊഴുകി തിരകളെയും ചുഴികളെയും പിന്നിട്ട് കാതങ്ങൾ താണ്ടുമ്പോൾ ഗ്രീഷ്മവും ശിശിരവും വസന്തഹേമന്തങ്ങളും കൂടെച്ചേർന്നു. ഷഷ്ടിപൂർത്തിയുടെ ആഘോഷങ്ങളിൽ ദീർഘയുസ്സ് നേർന്നുകൊണ്ട് സമ്മാനപ്പൊതികൾ കുന്നുകൂടി. അതിനിടയിലാണ് ആരോകറുത്ത കടലാസ്സിൽ പൊതിഞ്ഞ ആ സമ്മാനം അവൾക്കു നൽകിയത്: കൗതുകത്തോടെ സമ്മാനം അഴിച്ചുനോക്കിയ ഭർത്താവ് അതവളുടെ ജാതകമാണെന്ന് തിരിച്ചറിഞ്ഞ് മാലിന്യക്കൊട്ടയിലേക്ക് എടുത്തിട്ടു! ദൂരെ ആകാശത്ത് നക്ഷത്രങ്ങളപ്പോളും എന്തോ കളിപറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു.
No comments:
Post a Comment